Home> India
Advertisement

അയോധ്യ കേസ്: മധ്യസ്ഥ ചര്‍ച്ചയില്‍ സുപ്രിം കോടതിയുടെ തീരുമാനം ഇന്ന്

ബാബറി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച സുപ്രിം കോടതി ഉത്തരവ് ഇന്ന്.

അയോധ്യ കേസ്: മധ്യസ്ഥ ചര്‍ച്ചയില്‍ സുപ്രിം കോടതിയുടെ തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച സുപ്രിം കോടതി ഉത്തരവ് ഇന്ന്. 

അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍77 സെന്‍റ് ഭൂമിയുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. അയോധ്യ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തര്‍ക്കം പരിഹരിക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഈ നീക്കം.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈ കേസ് സ്വകാര്യ ഭൂതര്‍ക്കമായല്ല കാണുന്നത് എന്നും വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടിയായാണ്‌ എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഒരു ഒത്തു തീര്‍പ്പിന് ഒരു ശതമാനമെങ്കിലും സാധ്യത ബാക്കിയുണ്ടെങ്കില്‍ അതാണ് നല്ലതെന്നും ഭരണഘടന ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

അയോധ്യയില്‍ തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് കഴിഞ്ഞാഴ്ച മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളുടെ തര്‍ജ്ജമയുടെ കൃത്യത സുന്നി വഖഫ് ബോര്‍ഡിന് പരിശോധിക്കാന്‍ വേണ്ടിയാണ് കേസ് മാറ്റിയത്. ഈ കാലയളവിനുള്ളില്‍ തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമോയെന്നാണ് കോടതി നോക്കുന്നത്.

കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സമവായ നീക്കമെന്നാശയം ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് മുന്നോട്ട് വെച്ചത്.  
മധ്യസ്ഥ ചര്‍ച്ചകള്‍ മുന്‍ കാലങ്ങളില്‍ പരാജയപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ഒരു തവണ കൂടി ശ്രമിച്ച്‌ നോക്കാമെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്‍റെ പ്രതികരണം.

മധ്യസ്ഥ ചര്‍ച്ചകളെന്ന നിര്‍ദ്ദേശത്തോട് രാമജന്മഭൂമി ന്യാസ് ഉള്‍പ്പെടേയുള്ള ഹിന്ദു കക്ഷികള്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് ഈ വിഷയത്തില്‍ മാത്രം തീരുമാനമെടുക്കാന്‍ കേസ് ഇന്ന് പരിഗണിക്കാന്‍ നിശ്ചയിച്ചത്. മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കും.

ചര്‍ച്ചകള്‍ക്ക് അനുകൂലമായി ഉത്തരവിടുകയാണെങ്കില്‍ കോടതി തന്നെ മധ്യസ്ഥനായി ഒരാളെ നിയോഗിക്കും. മധ്യസ്ഥതയിലൂടെ വിഷയം പരിഹരിച്ചൂടെ എന്ന് മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ മുന്‍പ് ചോദിച്ചിരുന്നു.

അതേസമയം, ശ്രീ ശ്രീ രവിശങ്കറിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. 

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ അജണ്ടയായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി അയോധ്യകേസില്‍ അന്തിമമായ തീര്‍പ്പുണ്ടാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

 

Read More