Home> India
Advertisement

അയോധ്യ കേസ്: ഭരണഘടന ബഞ്ചിലെ ജഡ്ജിമാര്‍ ഇന്ന്‍ അടിയന്തിര യോഗം ചേരും

40 ദിവസത്തെ വാദത്തിനൊടുവിലാണ് അയോധ്യ കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവച്ചത്.

അയോധ്യ കേസ്: ഭരണഘടന ബഞ്ചിലെ ജഡ്ജിമാര്‍ ഇന്ന്‍ അടിയന്തിര യോഗം ചേരും

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ അസാധാരണ നടപടിയുമായി സുപ്രീംകോടതി. 

വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ ഇന്ന് പ്രത്യേക യോഗം ചേരും. ഇതൊരു അസാധാരണ സംഭവമാണ്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാകും യോഗം. അയോധ്യ പ്രശ്‌നത്തിലെ മധ്യസ്ഥ ചര്‍ച്ചകള്‍ വിജയം കണ്ടെന്ന് റിട്ട ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടും ഇന്ന്‍ ജഡ്ജിമാര്‍ പരിശോധിക്കും.

40 ദിവസത്തെ വാദത്തിനൊടുവിലാണ് അയോധ്യ കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവച്ചത്. ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്ന് സുന്നി വഖഫ് ബോര്‍ഡും ചരിത്രപരമായ പിഴവ് തിരുത്തണമെന്ന് ഹിന്ദു സംഘടനകളും വാദിച്ചു. 

കേസില്‍ വാദം പുരോഗമിക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍ക്കാണ് ഇന്നലെ സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. ഹിന്ദു മഹാസഭ കൈമാറിയ രാമജന്മസ്ഥലം ചിത്രീകരിച്ച മാപ്പ് വഖഫ് ബോർഡിന്‍റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചുകീറിയത് ബഹളത്തിനിടയാക്കിയിരുന്നു. 

ഇതിൽ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്, കാര്യങ്ങൾ ഇങ്ങനെ പോകുകയാണെങ്കിൽ സിറ്റിംഗ് നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. 

ഇതിനിടെ കേസിൽ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സുഫർ അഹമ്മദ് ഫാറൂഖി അപേക്ഷ നൽകി.

ആഗസ്റ്റിന് ആറിന് ആരംഭിച്ച അന്തിമവാദം നാൽപതാം ദിവസമായ ഇന്നലെയാണ് അവസാനിച്ചത്. ഹിന്ദു മഹാസഭ, ഹിന്ദു സംഘടനകൾ, സുന്നി വഖഫ് ബോർഡ് തുടങ്ങി എല്ലാ പ്രധാന കക്ഷികളും അവസാന ദിവസത്തിൽ മൂർച്ചയേറിയ വാദമുഖങ്ങൾ അവതരിപ്പിച്ചു. 

അന്തിമവാദം പൂര്‍ത്തിയായതോടെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വിരമിക്കുന്ന നവംബര്‍ പതിനേഴിന് മുന്‍പ് വിധി പുറപ്പെടുവിക്കുമെന്നാണ് സൂചന.

 

 

Read More