Home> India
Advertisement

ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട ആക്രമണം: വെടിവച്ച സൈനികന്‍ കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടിവച്ച സൈനികന്‍ കസ്റ്റഡിയില്‍. ജിതേന്ദ്ര മാലിക് എന്ന സെനികനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൈനികനെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ട് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട ആക്രമണം: വെടിവച്ച സൈനികന്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടിവച്ച സൈനികന്‍ കസ്റ്റഡിയില്‍. ജിതേന്ദ്ര മാലിക് എന്ന സെനികനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൈനികനെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ട് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കലാപസമയത്തെ നിരവധി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് ജിതേന്ദ്ര മാലിക് എന്ന ജിത്തു ഫൗജിയാണ് സുബോധ് കുമാറിനെ വെടിവച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിന്‌ശേഷം ഇയാള്‍ ശ്രീനഗറിലേക്കു തന്നെ മടങ്ങുകയായിരുന്നു. 

അക്രമങ്ങളുടേതായി പുറത്ത് വന്ന വീഡിയോകളില്‍ പലതിലും സൈനികനായ ജിതേന്ദ്രയുടെ സാന്നിധ്യം വ്യക്തമായതാണ് കേസില്‍ വഴിത്തിരിവായത്‌. ഇതിനെ തുടര്‍ന്ന് രണ്ട് പോലീസ് സംഘം ജമ്മുകാശ്മീരിലേക്ക് തിരിച്ചിരുന്നു. അക്രമങ്ങള്‍ക്ക് ശേഷം ജീത്തു ഫൗജി കാശ്മീരിലേക്ക് രക്ഷപ്പെട്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 

അതേസമയം, ബുലന്ദ്ഷഹറിലെ ഇന്‍സ്പെക്ടറുടെ കൊലപാതകത്തില്‍ സൈനികനെതിരെ തെളിവുണ്ടെങ്കില്‍ പൊലീസിന് മുന്നില്‍ ഹാജരാക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി. പൊലീസിന് സൈനികനെ സംശയമുണ്ടെങ്കില്‍ ചോദ്യം ചെയ്യാം. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

അതിനിടെ, അക്രമങ്ങളില്‍ പോലീസ് കൃത്യവിലോപം നടത്തിയെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹര്‍ എസ്.എസ്.പി ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോസ്ഥരെ സ്ഥലം മാറ്റി.

അതേസമയം ബുലന്ദ്ഷഹറില്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്ന എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹര്‍ എസ്.എസ്.പി കൃഷ്ണ ബഹാദുര്‍ സിംഗ് അടക്കമുള്ളവരെ സ്ഥലം മാറ്റി. സിതാപൂര്‍ എസ്.പിയായിരുന്ന പ്രഭാകര്‍ ചൗധരിയാണ് പുതിയ ബുലന്ദ്ഷഹര്‍ എസ്.എസ്.പി. ഇതോടൊപ്പം ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും ചിങ്ക്രാവട്ടി പോലീസ് സ്റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റിയിട്ടുണ്ട്.

എന്നാല്‍, ബുലന്ദ്ഷഹറിലേത് ആള്‍ക്കൂട്ട ആക്രമണമല്ല, 'ആകസ്മിക' സംഭവം മാത്രമാണെന്ന് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 

അതേസമയം, തന്‍റെ സഹോദരന്‍ കൊലയാളിയല്ല എന്നും ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും, സംഭവം നടക്കുമ്പോള്‍ ജിതേന്ദ്ര അവിടെയില്ലായിരുന്നു എന്നതിന് തെളിവുണ്ട് എന്നും ജിതേന്ദ്രയുടെ സഹോദരന്‍ പറഞ്ഞു. 

ഗ്രാമത്തിനടുത്തുള്ള കാട്ടിൽ കശാപ്പ് ചെയ്യപ്പെട്ട പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ചില ഹിന്ദു സംഘടനയില്‍പ്പെട്ട ആളുകള്‍ ഈ അവശിഷ്ടങ്ങള്‍ റോഡില്‍ കൊണ്ടിടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇത് എടുത്തുനീക്കാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ് പ്രതിഷേധക്കാര്‍ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടത്.   

സംഭവുമായി ബന്ധപ്പെട്ട് യോഗേഷ് രാജ് എന്നുപേരുള്ള യുവാവാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ ബജരംഗദളിന്‍റെ ജില്ലാ കോർഡിനേറ്ററാണ്. പ്രദേശത്ത് സംഘര്‍ഷം പോട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് യോഗേഷ് രാജാണ് ഗോവധവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. യോഗേഷ് രാജിനെക്കൂടാതെ 3 പേരെക്കൂടി പൊലീസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരെക്കൂടാതെ 6 മറ്റ് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.  

 

Read More