Home> India
Advertisement

വെന്‍റിലേറ്റര്‍ സൗകര്യം ലഭിച്ചില്ല, ഡല്‍ഹിയില്‍ നവജാതശിശു മരിച്ചു

വെന്‍റിലേറ്റര്‍ സൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചതായി റിപ്പോര്‍ട്ട്. ശ്വാസതടസത്തിന് ഡല്‍ഹി സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ നവജാതശിശുവാണ് മരിച്ചത്. കഴിഞ്ഞ ദിവസവും വെന്‍റിലേറ്റര്‍ സൗകര്യം യഥാസമയം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നവജാതശിശു മരിച്ചിരുന്നു.

വെന്‍റിലേറ്റര്‍ സൗകര്യം ലഭിച്ചില്ല, ഡല്‍ഹിയില്‍ നവജാതശിശു മരിച്ചു

ന്യൂഡല്‍ഹി: വെന്‍റിലേറ്റര്‍ സൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചതായി റിപ്പോര്‍ട്ട്. ശ്വാസതടസത്തിന് ഡല്‍ഹി സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ  നവജാതശിശുവാണ് മരിച്ചത്.  കഴിഞ്ഞ ദിവസവും വെന്‍റിലേറ്റര്‍ സൗകര്യം യഥാസമയം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നവജാതശിശു മരിച്ചിരുന്നു. 

സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ ഇല്ലാതിരുന്നതിനാല്‍ സമീപത്തുള്ള ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ അവിടെ എത്തുന്നതിന് മുന്‍പേ ശിശു മരിക്കുകയായിരുന്നു. മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ നിന്ന് ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകുന്നതിന് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഗുരുതരമായ ശ്വസതടസം അനുഭവിച്ചിരുന്ന കുഞ്ഞിനെ പിതാവ് ഇ-റിക്ഷയിലാണ് ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വിമര്‍ശനമുണ്ട്. 

ഡല്‍ഹിയില്‍ താമസിക്കുന്ന മനോജ് പൂരണ്‍ സിങിന്‍റെ കുഞ്ഞാണ് മരിച്ചത്. സംഭവത്തെ കുറിച്ച് മനോജ് പറയുന്നതിങ്ങനെ: "സഞ്ജയ് ഗാന്ധി ആശുപത്രിയിലാണ് ഭാര്യയെ കാണിച്ചിരുന്നത്. ബുധനാഴ്ച പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടതിനാല്‍ സമീപത്തുള്ള ഒരു നഴ്സിന്‍റെ സഹായത്താല്‍ വീട്ടില്‍ തന്നെ ഭാര്യ പ്രസവിച്ചു. ഭാര്യയ്ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും വ്യാഴാഴ്ച കുഞ്ഞിന് ശ്വാസതടസം നേരിടുന്നതായി ശ്രദ്ധയില്‍ പെട്ടു. കുഞ്ഞിനെ ഉടനെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെന്‍റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞതിനാല്‍ കുഞ്ഞിനേയും കൊണ്ട് അവര്‍ നിര്‍ദേശിച്ച ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയിലേക്ക് പോയി. ഇ-റിക്ഷയിലാണ് പോയത്. ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നതിനാല്‍ ഒരു മണിക്കൂറോളം താമസിച്ചാണ് കുഞ്ഞിനെ അവിടെ എത്തിക്കാന്‍ കഴിഞ്ഞത്. അവിടെ ചെന്നപ്പോള്‍ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു."

ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍, അത്യാസന്ന നിലയിലുള്ള രോഗികളെ മറ്റ് ആശുപത്രിയിലേക്ക് നിര്‍ദേശിക്കുമ്പോള്‍ അവര്‍ക്കാവശ്യമായ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Read More