Home> India
Advertisement

അനിതയുടെ മരണം: പിന്തുണയുമായി ഇളയ ദളപതി

നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ എം.ബി.ബി.എസ് പ്രവേശനം നേടാനാവാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനിതയുടെ വീട് ചലച്ചിത്ര താരം വിജയ് സന്ദര്‍ശിച്ചു.

അനിതയുടെ മരണം: പിന്തുണയുമായി ഇളയ ദളപതി

ചെന്നൈ: നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ എം.ബി.ബി.എസ് പ്രവേശനം നേടാനാവാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനിതയുടെ വീട് ചലച്ചിത്ര താരം വിജയ് സന്ദര്‍ശിച്ചു.

അനിതയുടെ അച്ഛനുമായും മറ്റു കുടുംബാംഗങ്ങളുമായും സംസാരിച്ച വിജയ്, അവർക്കു പിന്തുണ അറിയിക്കുകയും ചെയ്തു. 

ഹയർ സെക്കൻഡറിക്കു 98% മാർക്ക് ലഭിച്ചിട്ടും നീറ്റ് പ്രവേശന പരീക്ഷയില്‍ പിന്തള്ളപ്പെട്ട അനിതയ്ക്ക് മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല.

അരിയല്ലൂര്‍ സെന്തുരൈ കുഴുമുറൈയിലെ ചുമട്ടുതൊഴിലാളിയായ ഷൺമുഖന്‍റെ മകളാണ് അനിത. പത്താം ക്ലാസിൽ 500ൽ 442 മാർക്കും പ്ലസ്ടുവിൽ 1200ൽ 1176 മാർക്കം നേടിയ അനിത, പ്ലസ്ടു പരീക്ഷയിൽ തമിഴ്നാട്ടിലെ പെരമ്പാളൂർ ജില്ലയിൽ കണക്കിനും ഫിസിക്സിനും നൂറില്‍ 100 മാർക്ക് നേടിയ ഏക വിദ്യാർഥിനിയായിരുന്നു. 

അനിതയുടെ മരണത്തില്‍ അനുശോചിച്ചും, നീറ്റിനെ എതിര്‍ത്തും സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. രജനി കാന്ത്, കമല്‍ ഹാസന്‍, സൂര്യ, വിശാല്‍, ധനുഷ് എന്നിവരെല്ലാം അനിതയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു. 

അതേസമയം, അനിതയുടെ മരണത്തെ തുടർന്ന്‍ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുകയാണ്. സമരം ജനജീവിതത്തെ ബാധിക്കരുതെന്നും ആരെയും നിയമം കൈയ്യിലെടുക്കാന്‍ അനുവദിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചതിനുശേഷവും പ്രതിഷേധങ്ങള്‍ക്ക് അയവില്ല. 

ചെന്നൈ തരമണി ലോ കോളജിലെ വിദ്യാര്‍ഥികള്‍ പഠനം മുടക്കി സമരം നടത്തുകയാണ്. ന്യൂ കോളജിലും സമരം തുടരുന്നു. കഴിഞ്ഞ ദിവസം നുങ്കമ്പാക്കം ഗവണ്‍മെന്‍റ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ റോഡ് ഉപരോധിച്ച് നടത്തിയ സമരം ശ്രദ്ധേയമായിരുന്നു.

സാമൂഹ്യ മാദ്ധ്യമങ്ങളിലും അനിതയുടെ മരണത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 

Read More