Home> India
Advertisement

അല്‍വര്‍ ആള്‍ക്കൂട്ട കൊലപാതകം: പൊലീസ് പരിഗണന നല്‍കിയത് 'പശു'വിന് തന്നെ!!

അല്‍വര്‍ ആള്‍ക്കൂട്ട കൊലപാതകം: പൊലീസ് പരിഗണന നല്‍കിയത് 'പശു'വിന് തന്നെ!!

 

അല്‍വര്‍‍: ഇന്ത്യയില്‍ മനുഷ്യരേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍ തന്നെ. അല്‍വര്‍ ആള്‍ക്കൂട്ട കൊലപാതകം ഇതാണ് തെളിയിക്കുന്നത്.
 
രാജസ്ഥാനിലെ അല്‍വറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു സംഘം ആളുകള്‍ അക്​ബര്‍ ഖാനെ ആക്രമിച്ചത്. പശുക്കടത്തിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ അക്​ബര്‍ ഖാന് വളരെ ഗുരുതരമായി പരിക്കേറ്റിരുന്നു. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ അക്​ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ യാതൊരു താത്പര്യവും കാട്ടിയില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. പൊലീസ് പരിഗണന നല്‍കിയത് പശുക്കള്‍ക്കായിരുന്നു. 

സംഭവ സ്ഥലത്തെത്തിയ പൊലീസ് ആദ്യം പശുക്കളെ 10 കിലോമീറ്റര്‍ ദൂരെയുള്ള ഗോശാലയില്‍ എത്തിച്ചു. അതിനുശേഷമാണ് ഗുരുതരമായി പരിക്കേറ്റ അക്​ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിച്ചത്. അതായത് അക്​ബര്‍ ഖാനെ സംഭവസ്ഥലത്ത് നിന്നും 7 കിലോമീറ്റര്‍ ദൂരെയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കാന്‍ പൊലീസിന് വേണ്ടി വന്നത് മൂന്നുമണിക്കൂറിലേറെ സമയം!! അക്​ബര്‍ ഖാന്‍ ഇതിനോടകം മരിച്ചിരുന്നു.

പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ രജിസ്റ്ററില്‍ പറയുന്നതനുസരിച്ച് അക്​ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിച്ചത് പുലര്‍ച്ചെ 4 മണിക്കാണ്. എന്നാല്‍ ഇയാള്‍ക്ക്നേരെ ആക്രമണം നടക്കുന്നതായി പൊലീസിന് വിവരം നല്‍കിയത് 12:41നാണ്. പശു സംരക്ഷകന്‍ നവല്‍ കിഷോര്‍ ആണ് പൊലീസിന് വിവരം നല്‍കിയത്. 15 -20 മിനിറ്റിനകം സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്​ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇത്ര വൈകിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇപ്പോള്‍ പൊലീസിന് ഉത്തരമില്ല. 

കൂടാതെ പരിക്കേറ്റയാളെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോകും വഴി വാഹനം നിര്‍ത്തി ചായകുടിക്കാനും പൊലീസ്​ മറന്നില്ലെന്നാണ്​ റിപ്പോര്‍ട്ട്​. അതുകൂടാതെ, പരിക്കേറ്റ അക്​ബറിനെ വാഹനത്തില്‍ വെച്ച്‌​ പൊലീസ്​ മര്‍ദിക്കുന്നത്​ കണ്ടുവെന്ന്​ ഒരു സ്​ത്രീ പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. 

എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ്​ മനഃപൂര്‍വം വൈകിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന്​ കേസന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്​ഥന്​ കൈമാറിയിട്ടുണ്ട്​. ആശുപത്രിയിലെത്തിക്കാന്‍ എന്തുകൊണ്ട്​ കാലതാമസം നേരിട്ടു​വെന്ന് അന്വേഷിക്കുമെന്ന്​ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ പറഞ്ഞു. 

അല്‍വറിലെ രാംഗര്‍ പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്​ച രാത്രിയാണ് പശുകടത്തി​​​ന്‍റെ പേരില്‍ കൊലപാതകമുണ്ടായത്​. സ്വദേശമായ ഹരിയാനയിലെ കോല്‍ഗ്​നാവില്‍ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാല്‍വാന്ദിയിലേക്ക്​ രണ്ട്​ പശുക്കളുമായെത്തിയ അക്​ബര്‍ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകള്‍ സംഘം ചേര്‍ന്ന്​ ആക്രമിക്കുകയായിരുന്നു. അന്‍പതോളം പേര്‍ ചേര്‍ന്നാണ്​ അക്​ബറിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

 

Read More