Home> India
Advertisement

Viral Video: അഭിനന്ദനെ ഉപയോഗിച്ച് പാക്കിസ്ഥാനില്‍ തേയില പരസ്യ൦?

പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘താപല്‍ ടീ’ എന്ന ബ്രാന്‍ഡിന്‍റേതാണ് പരസ്യം.

Viral Video: അഭിനന്ദനെ ഉപയോഗിച്ച് പാക്കിസ്ഥാനില്‍ തേയില പരസ്യ൦?

ഡല്‍ഹി: പാ​ക്​​സേ​ന​യു​ടെ പി​ടി​യില്‍ നിന്നും മോചിതനായ ഇന്ത്യന്‍ വ്യോമസേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉപയോഗിച്ച് പാക്കിസ്ഥാനി തേയില കമ്പനി സംപ്രേക്ഷണം ചെയ്ത പരസ്യം സമൂഹ മാധ്യമങ്ങളില്‍ ഏറെ വാര്‍ത്തയായിരുന്നു. 

എന്നാല്‍, ആ പരസ്യത്തിന് പിന്നിലെ രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് ടൈംസ് ഫാക്റ്റ് ചെക്ക് ടീം. പാക് സേനയുടെ പിടിയിലായ സമയത്ത് അഭിനന്ദന്‍ ചായ കുടിക്കുന്നതും ‘ദ ടീ ഈസ് ഫന്‍റാസ്റ്റിക്, താങ്ക്യൂ’ എന്ന് പറയുന്നതുമായ വീഡിയോ പാക് സേന പുറത്ത് വിട്ടിരുന്നു.

ആ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘താപല്‍ ടീ’ എന്ന ബ്രാന്‍ഡിന്‍റെ പരസ്യം പുറത്ത് വന്നത്. 

വി൦ഗ് കമാന്‍ഡര്‍ അഭിനന്ദനെ ഉപയോഗിച്ച് തയാറാക്കിയ പരസ്യമെന്ന അടികുറിപ്പോടെയായിരുന്നു വീഡിയോ ഷെയര്‍ ചെയ്തിരുന്നത്. 

എന്നാല്‍, ഈ പരസ്യം യഥാര്‍ത്ഥത്തില്‍ താപല്‍ ടീ കമ്പനിയുടേതല്ല. പാക് സൈന്യം അഭിനന്ദനെ കസറ്റഡിയിലെടുത്ത ശേഷം ഫെബ്രുവരി 27ന് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത വീഡിയോയാണ് പരസ്യമെന്ന പേരില്‍ പ്രചരിക്കുന്നത്.

Tapal tea ad എന്ന് ഗൂഗിളില്‍ തിരഞ്ഞ് നോക്കിയാല്‍ ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിന്‍റെ ആദ്യ പേജില്‍ തന്നെ താപല്‍ ടീയുടെ പുറത്തിറങ്ങിയ യഥാര്‍ത്ഥ പരസ്യ ചിത്രം ലഭിക്കും. 

യഥാര്‍ഥ പരസ്യ ചിത്രത്തില്‍ അഭിനന്ദന്‍റെ ദൃശ്യങ്ങള്‍ എഡിറ്റ്‌ ചെയ്ത് ചേര്‍ത്തിരിക്കുന്നതാണ് വ്യാജ പരസ്യം.

പരസ്യത്തില്‍ “@iedit_whatuwant”  എന്ന വാട്ടര്‍മാര്‍ക്ക് സ്‌ക്രീനില്‍ ഫ്‌ലോട്ട് ചെയ്യുന്നത് കാണാം. ഇത് ഈ വീഡിയോ എഡിറ്റ് ചെയ്തയാളുടെ ഹാന്‍ഡില്‍ ആകാനാണ് സാധ്യത. എന്നാല്‍ ഇങ്ങനെയൊരു ഹാന്‍ഡില്‍ ട്വിറ്ററില്‍ കണ്ടെത്താന്‍ സാധിച്ചില്ല. 

എന്നാല്‍ ഫേസ്ബുക്കില്‍ ഫണ്‍ ഫാസ്റ്റ് എഡിറ്റ്‌സ് എന്ന പേരിലുള്ള പേജിന്‍റെ ഹാന്‍ഡില്‍ ഇതാണെങ്കിലും പേജില്‍ ഈ വീഡിയോ കണ്ടെത്താനായില്ല.

താപല്‍ ടീയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജും വെബ്‌സൈറ്റും പരിശോധിച്ചതിലും അഭിനന്ദന്‍ വര്‍ത്തമാനെ ഉപയോഗിച്ച് പുറത്തിറക്കിയ പരസ്യ ചിത്രം പങ്കുവച്ചതായി കാണാന്‍ കഴിഞ്ഞില്ല. 

അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്. 

പിന്നീട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.

Read More