Home> India
Advertisement

കമല്‍നാഥിന്‍റെ അനന്തരവന്‍ രാതുല്‍ പുരിയെ അറസ്റ്റുചെയ്തു

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് രാതുല്‍ പുരിയെ അറസ്റ്റു ചെയ്തത്.

കമല്‍നാഥിന്‍റെ അനന്തരവന്‍ രാതുല്‍ പുരിയെ അറസ്റ്റുചെയ്തു

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ അനന്തരവനും മോസെര്‍ബെയറിന്‍റെ മുന്‍ എക്സിക്യുട്ടീവ്‌ ഡയറക്ടറുമായ രാതുല്‍ പുരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് രാതുല്‍ പുരിയെ അറസ്റ്റു ചെയ്തത്. സെൻറട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 354 കോടി രൂപ തട്ടിച്ചുവെന്നാണ് കേസ്.  വായ്പാ തട്ടിപ്പില്‍ കഴിഞ്ഞ ദിവസം സിബിഐ ഇയാളുടെ പേരില്‍ കേസെടുക്കുകയും അദ്ദേഹവുമായി ബന്ധപ്പെട്ട ആറു കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

രാതുല്‍പുരിക്കു പുറമെ അച്ഛനും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ ദീപക് പുരി, ഡയറക്ടര്‍മാരായ നിതാ പുരി, സഞ്ജയ് ജെയിന്‍, വിനീത് ശര്‍മ്മ എന്നിവര്‍ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. ഇതില്‍ നിതാ പുരി കമല്‍നാഥിന്‍റെ സഹോദരിയാണ്.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. 2012-ല്‍ രാതുല്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ പദവി ഒഴിഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ അച്ഛനമ്മമാര്‍ പദവികളില്‍ തുടര്‍ന്നു.

ബാങ്കുകള്‍ അനുവദിച്ച പണം കമ്പനിയും അതിന്‍റെ ഡയറക്ടര്‍മാരും തങ്ങളുടെ വ്യക്തിഗത ആവശ്യത്തിനായി ദുര്‍വിനിയോഗം ചെയ്‌തെന്നും അപഹരിച്ചെന്നും ഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് വ്യാജരേഖകള്‍ നല്‍കിയെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ്‌ ഇന്ത്യയുടെ പരാതിയില്‍ പറയുന്നുണ്ട്. 

Read More