Home> Features
Advertisement

'ഇര' സംശയത്തിന്‍റെ നിഴലിലാണ്

ദിലീപിന്‍റെ ഫാന്‍സ് പേജില്‍ ഒരു മീം പങ്കുവച്ചിട്ടുണ്ട്. രാമലീലയുടെ ക്ലൈമാക്സില്‍ ദിലീപും പ്രയാഗ മാര്‍ട്ടിനും ചിരിച്ചിരിക്കുന്ന ചിത്രത്തിന് താഴെ 'രാമലീല കണ്ട മിക്കവരും ഈ സീനോടുകൂടി പടം തീര്‍ന്നെന്ന് കരുതിയവരാണ്' എന്ന വാക്കുകള്‍ എഴുതി ചേര്‍ത്തിരിക്കുന്നു.

'ഇര' സംശയത്തിന്‍റെ നിഴലിലാണ്

ദിലീപിന്‍റെ ഫാന്‍സ് പേജില്‍ ഒരു മീം പങ്കുവച്ചിട്ടുണ്ട്. രാമലീലയുടെ ക്ലൈമാക്സില്‍ ദിലീപും പ്രയാഗ മാര്‍ട്ടിനും ചിരിച്ചിരിക്കുന്ന ചിത്രത്തിന് താഴെ 'രാമലീല കണ്ട മിക്കവരും ഈ സീനോടുകൂടി പടം തീര്‍ന്നെന്ന് കരുതിയവരാണ്' എന്ന വാക്കുകള്‍ എഴുതി ചേര്‍ത്തിരിക്കുന്നു. 

ആരാധകരുടെ പ്രിയ താരം കളികള്‍ തുടങ്ങിയിട്ടെ ഉള്ളൂ എന്ന് ധ്വനിപ്പിക്കുന്ന പോസ്റ്റുകളും മീമുകളും ഇനിയുമുണ്ടാകാം. അക്കാര്യം അടിവരയിടുന്ന വാക്കുകളോടെയായിരുന്നു ദിലീപ് പുതിയ ചിത്രം കമ്മാര സംഭവത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടതും. "ചരിത്രം ചമച്ചവർക്ക് സമർപ്പിതം, വളച്ചവർക്ക് സമർപ്പിതം, ഒടിച്ചവർക്ക് സമർപ്പിതം, വളച്ചൊടിച്ചവർക്ക്... സമർപ്പിതം," എന്നായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ദിലീപ് കുറിച്ചത്. 

ദിലീപ് അഭിനയിക്കാത്ത മറ്റൊരു ചിത്രത്തിന്‍റെ പേരും പോസ്റ്ററും കണ്ടപ്പോള്‍ ആരാധകര്‍ ധ്വനിപ്പിച്ച ദിലീപിന്‍റെ കളികളുടെ  തുടര്‍ച്ചയാണോ ഇതെന്ന് തോന്നിപ്പോയി. ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ഇര' എന്ന ചിത്രമാണ് ഇത്തരം സംശയങ്ങളിലേക്ക് വഴിമരുന്നിട്ടത്. ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മാധ്യമങ്ങളില്‍ വന്ന ഫോട്ടോ പകര്‍ത്തി വച്ചതു പൊലെയായിരുന്നു ആ പോസ്റ്റര്‍. ഇര എന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പേജില്‍ ആ പോസ്റ്റര്‍ തിരഞ്ഞെങ്കിലും അത് കണ്ടില്ല. 

സ്റ്റോറി ഓഫ് ആന്‍ അക്യൂസ്ഡ് എന്നാണ് ചിത്രത്തിന് ടാഗ് നല്‍കിയിരിക്കുന്നത്. ഇരയാക്കപ്പെട്ട ഒരാളുടെ കഥയാണെന്ന സൂചന നല്‍കുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുമില്ല. ദിലീപ് കേസ് ഉപയോഗിച്ച് സിനിമ മാര്‍ക്കറ്റ് ചെയ്യുക എന്ന ഉദ്ദേശമാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ളതെങ്കില്‍ കേരളം കണ്ട ഏറ്റവും മികച്ച ബിസിനസുകാരനായ ദിലീപിന് അതിന് പിന്നിലും കാണും കൃത്യമായ പദ്ധതികള്‍. 

fallbacks

രാമലീലയിലെ സംഭാഷണങ്ങള്‍ യാദൃശ്ചികമായി സംഭവിച്ചതാണെങ്കില്‍ ഇനി വരാനുള്ളവയില്‍ സംഭവിക്കുന്നത് യാദൃശ്ചികമാകില്ല. മുന്‍ഭാര്യയുമായി വേര്‍പിരിഞ്ഞ സമയത്ത് ഇറങ്ങിയ ചിത്രങ്ങളിലും ധ്വനിപ്പിക്കുന്ന സംഭാഷണ ശകലങ്ങള്‍ ഉണ്ടായിരുന്നു. ആ നിലയില്‍, ഇനി വരാനിരിക്കുന്ന ചിത്രങ്ങളില്‍ മുമ്പത്തേതിലും രൂക്ഷമായ സംഭാഷണ അമ്പുകള്‍ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനുള്ള പ്ലാറ്റ്ഫോമായി ഇര മാറുമെന്നറിയണമെങ്കില്‍ ചിത്രത്തിന്‍റെ ടീസറോ ട്രെയിലറോ പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും. 

കമ്മാര സംഭവം ഏപ്രിലില്‍ എത്തും. ഇരയുടെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. 

ദിലീപ് പ്രതിയായ കേസിന്‍റെ വിധി 17ന് വരുമെന്നാണ് റിപ്പോര്‍ട്ട്. കേസിലെ വിധി എങ്ങനെയാണെങ്കിലും ജനക്കൂട്ടത്തിനിടയില്‍ തന്‍റെ പ്രതിഛായ നിലനിറുത്തുന്നതിന് വേണ്ടിയുള്ള അടവുകള്‍ ദിലീപ് പുറത്തെടുത്ത് കൊണ്ടെയിരിക്കും. അത് ഇരയുടെ രൂപത്തിലാണോ കമ്മാര സംഭവത്തിന്‍റെ രൂപത്തിലാണോ വരുന്നതെന്ന കാത്തിരിപ്പ് മാത്രമേ ബാക്കിയുള്ളൂ. 

കേസിന്‍റെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ രൂപപ്പെട്ട വിമന്‍ കളക്ടീവിനെതിരെയുള്ള ആക്രമണങ്ങളും പരിഹാസവും ഇനിയും തീര്‍ന്നിട്ടില്ല. അതിലെ അംഗങ്ങള്‍ക്ക് നേരെ വിദ്വേഷ പ്രചരണവും മറ്റും അഴിച്ചു വിടുന്ന ആള്‍ക്കൂട്ടത്തിന്‍റെ പൊതുബോധം അപകടം പിടിച്ചതാണ്. അത്തരം ആള്‍ക്കൂട്ട ബോധത്തെ കയ്യടിപ്പിക്കുന്ന ചിത്രങ്ങള്‍ വെറും സിനിമകളായി തള്ളിക്കളയാന്‍ ബുദ്ധിമുട്ടാണ്. കാരണം, അത്തരം പൊതുബോധ നിര്‍മ്മിതി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. മലയാള സിനിമയില്‍ ഇപ്പോള്‍ തുടക്കം കുറിക്കപ്പെട്ട ലിംഗ സംവാദം ഇത്തരം ചോദ്യം ചെയ്യപ്പെടലുകളിലൂടെ മാത്രമേ വികസിക്കുകയുള്ളൂ. നല്ല സിനിമകള്‍ക്കായി നല്ല സംവാദങ്ങള്‍ ഉണ്ടാകട്ടെ.  

Read More