Home> Features
Advertisement

ഞാൻ കേട്ട ചാണ്ടി സാറും... കണ്ട കുഞ്ഞൂഞ്ഞും

Oommen Chandy Sad Demise : ജനനായകൻ എന്നതിലുപരി രാഷ്ട്രീയ ചാണക്യൻ എന്ന് ഉമ്മൻ ചാണ്ടിയെ വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം...

ഞാൻ കേട്ട ചാണ്ടി സാറും... കണ്ട കുഞ്ഞൂഞ്ഞും

ഉമ്മൻ ചാണ്ടി അങ്ങനെ ഒരു പേര് കേരളത്തിൽ ഒരാൾക്ക് മാത്രമെ ഉള്ളൂ. ആ പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ഒരു മുഖം മാത്രമേ മനസ്സിൽ തെളിയൂ. ചീകി ഒതുക്കാത്ത മുടി, ചുളിവ് നിറഞ്ഞ വെള്ള ഖദർ ഷർട്ടും, എപ്പോഴും മുഖത്ത് തെളിഞ്ഞ് നിൽക്കുന്ന നിറ പുഞ്ചിരിമായിട്ടുള്ള ഒരു രാഷ്ട്രീയ നേതാവിനെ ഒരുപക്ഷെ മലയാളികൾ കണ്ട് പരിചയിച്ചുണ്ടാകില്ല. ഒരിക്കലും മലയാളി കണ്ടുശീലിച്ച ഒരു രാഷ്ട്രീയ നേതാവിന്റെ ശരീരഭാഷ അല്ലായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. എന്നാൽ പുസ്തകത്തെ അതിന്റെ പുറം താൾ നോക്കി വിലയിരുത്തരുതെന്ന് പറയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്. വളരെ വിദൂരതയിൽ നിന്ന് മാത്രമാണ് ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിനെ ഞാൻ കണ്ടിട്ടുള്ളത്. ആ ഒരു വിദൂര പരിചയം വച്ച് നേതാക്കളിൽ അൽപം ആരാധന തോന്നിയ രാഷ്ട്രീയ നേതാവാണ് ഉമ്മൻചാണ്ടി.

ഒരിക്കൽ ഒരു മാധ്യമസ്ഥാപനത്തിലെ ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിൽ പങ്കെടുക്കുമ്പോൾ ചോദ്യകർത്താവ് എന്റെ ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്ന് ചോദിച്ചു. ഒരു നിമിഷം പോലും ആലോചിക്കാതെ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞു. രാഷ്ട്രീയപരമായ ഒരുപാട് വിവാദങ്ങൾക്ക് പഴി കേട്ടിരുന്ന ഉമ്മൻ ചാണ്ടിയാണോ നിങ്ങളുടെ ഇഷ്ട നേതാവെന്ന മറുചോദ്യമുയർന്നു. 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഭൂരിപക്ഷം നാല് സീറ്റ് മാത്രമായിരുന്നു. ഘടകകക്ഷികളായ രണ്ട് പ്രമുഖ പാർട്ടികളുടെ സീറ്റുകളുടെ പിൻബലം കൊണ്ട് മാത്രമാണ് യുഡിഎഫ് അന്ന് കേരളം ഭരിച്ചത്. അതിലൊരു കക്ഷി പിന്തുണ പിൻവലിച്ചാൽ സർക്കാർ താഴെ വീഴുമെന്ന് ഉറപ്പാണ്. എന്നിട്ടും യുഡിഎഫ് അഞ്ച് വർഷം ഉമ്മൻ ചാണ്ടിയുടെ കീഴിൽ ഭരണം പൂർത്തിയാക്കി. വിട്ടുവീഴ്ചയുടെ നേതാവെന്ന് അദ്ദേഹത്തെ പറയാം. പക്ഷേ മുന്നണികൾക്കുള്ളിലെ രണ്ട് വിഭാഗത്തെ ഒരു പോലെ കൊണ്ടു പോകുന്ന ഉമ്മൻ ചാണ്ടിയിൽ കണ്ടത് രാഷ്ട്രീയ ചാണക്യന്റെ തന്ത്രമാണ്. ജനനായകൻ എന്നതിലുപരി ഉമ്മൻചാണ്ടിയെ രാഷ്ട്രീയ ചാണക്യൻ എന്ന് വിളിക്കാനാണ് ഇഷ്ടം. ആ മറുപടിക്ക് മേൽ പിന്നെ ഒരു ചോദ്യമുണ്ടായിരുന്നില്ല.

ALSO READ : Good Bye Oommen Chandy Live updates: ജനങ്ങളുടെ ഉള്ളറിഞ്ഞ ഉമ്മൻചാണ്ടി; ജനനായകൻ വിടവാങ്ങി

2014 ൽ മാധ്യമപ്രവർത്തനത്തിൽ ട്രെയിനിങ്ങിനായി തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന കാലത്താണ് ആദ്യമായി ഉമ്മൻ ചാണ്ടിയെ നേരിൽ കാണുന്നത്. പട്ടം, സെക്രട്ടറിയേറ്റ് ഭാഗങ്ങളിൽ നിന്നും വാർത്തകൾ ലഭിക്കുമെന്ന ചീഫിന്റെ നിർദേശപ്രകാരം അലഞ്ഞ് തിരിയുമ്പോഴാണ് റോഡിൽ പെട്ടെന്ന് ഗതാഗത നിയന്ത്രണമുണ്ടാകുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഒരു പോലീസ് വാഹനത്തിന്റെ അകമ്പടിയോടെ കേരള സ്റ്റേറ്റ് ഒന്നാം നമ്പർ ഇന്നോവ കാർ കടന്നു പോകുന്നു. മുൻ സീറ്റിൽ ഡ്രൈവറും ഒരു ഖദർധാരിയും പിൻസീറ്റിൽ നരച്ച മുടയുള്ള വ്യക്തിയും ഒപ്പം വേറെ രണ്ട് പേരും. കൂടാതെ ഏറ്റവും പിന്നിലായി രണ്ടോ മൂന്നോ പേരും. പിന്നിൽ വേറെ വാഹനം ഒന്നും ശ്രദ്ധയിൽ പെട്ടില്ല. ആ പോക്കിന്റെ ലാളിത്യം എന്താണെന്ന് ഇന്നാണ് മനസ്സിലാകുന്നത്. ഉമ്മൻ ചാണ്ടി തന്റെ ഔദ്യോഗിക വാഹനത്തിൽ ഇത്രയും പേരെ കൊണ്ടുപോകുന്നതിനെ സംബന്ധിച്ച് പലരും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഒരിക്കൽ പാലക്കാട് ഒരു പൊതുപരിപാടിക്കെത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ കാർ വീണ്ടും ശ്രദ്ധിക്കുന്നത്. തിരുവനന്തപുരത്ത് കണ്ടത് പോലെ തന്നെ, തനിക്കൊപ്പം എന്നും കുറേപേരെ കൂടെക്കൂട്ടും കുഞ്ഞൂഞ്ഞ്. 

സോളാർ വിഷയത്തിൽ ഇടത് സംഘടനകളുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കാറിന് നേരെ കല്ലേറുണ്ടായി അതിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. കല്ലേറിൽ ഉമ്മൻ ചാണ്ടിയുടെ കാറിന്റെ ചില്ല് തകർന്ന ചിത്രം ഇപ്പൊഴും എല്ലാവരുടെ മനസ്സിൽ കാണും. എന്നിട്ടും തന്റെ സുരക്ഷ വർധിപ്പിക്കാൻ താൽപര്യപ്പെടുന്നില്ല എന്നായിരുന്നു അടുത്ത ദിവസം ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത്. ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് തന്റെ സുരക്ഷയ്ക്ക് വലിയ വില കൽപ്പിക്കുന്നില്ലായെന്ന് കാണിച്ചു തന്നതാണ് പത്രത്താളുകളിൽ വന്ന ജനസമ്പർക്ക പരിപാടിയുടെ ചിത്രങ്ങൾ.

ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് സുരക്ഷ ഒരുക്കാൻ പോലീസ്  വിയർക്കുന്ന സാഹചര്യമായിരുന്നു. പലതരം ആളുകൾ, പലതരത്തിലുള്ള ആവശ്യങ്ങൾ, കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ട് ജനങ്ങളിലേക്ക് അവരുടെ ആവശ്യങ്ങൾ സാധിച്ച് നൽകാൻ എത്തുന്നു. കണക്കുകൾ പ്രകാരം 11 ലക്ഷത്തിലധികം പേരാണ് ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായിട്ടുള്ളത്. ലോകത്ത് ഒരു ഭരണാധികാരി നടത്തുന്ന ഏറ്റവും വലിയ അദാലത്ത്. ഇതിലൂടെ 242 കോടിയുടെ ധനസഹായമാണ് സർക്കാർ നേരിട്ട് ജനങ്ങളിലേക്കെത്തിച്ചുതെന്നാണ് കണക്ക്.

ഞാൻ കേട്ട ജനസമ്പർക്കം- സഹപ്രവർത്തകനായ എം അരുൺ എപ്പോഴും ഉമ്മൻ ചാണ്ടിയെ കുറിച്ച് പറയുമ്പോൾ പാലക്കാട് നടന്ന ജനസമ്പർക്ക പരിപാടിയെയാണ് ഓർത്തെടുക്കുന്നത്. അരുണിന്റെ വാക്കുകൾ ഇങ്ങനെ "എന്റെ മാധ്യമപ്രവർത്തനത്തിന്റെ ആദ്യ നാളുകളിൽ പാലക്കാട് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി പാലക്കാട് ജില്ലയിൽ സംഘടിപ്പിക്കുന്നത്. മാധ്യമപ്രവർത്തനത്തിന്റെ തുടക്കമായിരുന്നു, ചീഫിന്റെ നിർദേശ പ്രകാരം ഒരു മികച്ച സ്റ്റോറി കണ്ടെത്തണം. ഒരുപാട് പേരുടെ ദുഃഖങ്ങളും സങ്കടങ്ങളും ആവശ്യങ്ങളും അവിടെ കേൾക്കാമായിരുന്നു. ജനസമ്പർക്ക പരിപാടി റിപ്പോർട്ട് ചെയ്യാൻ പോയി രണ്ട് - മൂന്ന് മണിക്കൂർ അവിടെ നിന്നപ്പോൾ തന്നെ ഞാൻ തളർന്നു. സ്റ്റേജിൽ പോലും കയറാനാകാതെ മുഖ്യമന്ത്രി അവിടെ നിന്നുകൊണ്ട് എല്ലാവരുടെയും പരാതികളും ആവശ്യങ്ങളും കേൾക്കുകയായിരുന്നു. രാവിലെ പത്ത് മണിക്കെത്തിയ ഉമ്മൻ ചാണ്ടി ഏറെ വൈകിയും അവിടെ തന്നെ തുടരുകയാണ്. ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസിന്റെ യുവനേതാക്കൾ പലരും തളർന്ന് അവശരായി. പോലീസുകാർ സുരക്ഷ ഒ‌രുക്കാൻ കഠിന പരിശ്രമത്തിലാണ്. എന്നാൽ മധുരത്തിന്റെ മുകളിൽ ഉറുമ്പ് പൊതിയുന്നത് പോലെയാണ് ജനം ഉമ്മൻ ചാണ്ടിക്ക് അരികിലേക്കത്തുന്നത്". അതാണ് അദ്ദേഹം വിടപറഞ്ഞപ്പോൾ എല്ലാവരും ഒരേ ശബ്ദത്തിൽ ജന നായകന് വിട എന്ന് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More