Home> Features
Advertisement

Karnataka Assembly Elections 2023: ഭാഗ്യം കത്തിനില്‍ക്കുന്ന നേതാവ്! ഇത്തവണയും മുഖ്യമന്ത്രിക്കസേര കുമാരസ്വാമിയ്‌ക്കോ? നയം വ്യക്തമാക്കി, ഇനി ഫലം വരണം

Karnataka Assembly Elections 2023: ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വന്നാൽ എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസിന്റെ പിന്തുണ തേടുക എന്നത് മാത്രമേ പിന്നെ രക്ഷയുള്ളു.

Karnataka Assembly Elections 2023: ഭാഗ്യം കത്തിനില്‍ക്കുന്ന നേതാവ്! ഇത്തവണയും മുഖ്യമന്ത്രിക്കസേര കുമാരസ്വാമിയ്‌ക്കോ? നയം വ്യക്തമാക്കി, ഇനി ഫലം വരണം

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. ആരായിരിക്കും കന്നഡനാട് ഭരിക്കുക എന്ന് അറിയാന്‍ രാജ്യം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള വന്‍നിര ആയിരുന്നു ബിജെപിയ്ക്ക് വേണ്ടി ഇത്തവണ രംഗത്തിറങ്ങിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന് വേണ്ടിയും രംഗത്തിറങ്ങി. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന മറ്റൊന്നാണ്.

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് മിക്ക എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും. അതേസമയം തന്നെ, നിര്‍ണായക ശക്തിയായി ജെഡിഎസ് മാറുമെന്നും പ്രവചിക്കുന്നുണ്ട്. കോണ്‍ഗ്രസിനോ ബിജെപിയ്‌ക്കോ കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ ആയില്ലെങ്കില്‍, കര്‍ണാടകം ആര് ഭരിക്കണം എന്ന് ജെഡിഎസ് തീരുമാനിക്കും.

Read Also: ഒറ്റ മുഖ്യമന്ത്രി അഞ്ച് വര്‍ഷം കര്‍ണാടകം ഭരിക്കുമോ? ചരിത്രത്തില്‍ അപൂര്‍വ്വം... എന്താകും കോണ്‍ഗ്രസിന്റെ വിധി?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത് ഇത് തന്നെ ആയിരുന്നു. അങ്ങനെയാണ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായത്. എന്നാല്‍ ബിജെപിയുടെ 'ഓപ്പറേഷന്‍ താമര'യിലൂടെ ആ സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. സമാനമായ സാഹചര്യം ഇത്തവണയും ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

തങ്ങളെ ബിജെപിയും കോണ്‍ഗ്രസും ഇതിനകം തന്നെ സമീപിച്ചുകഴിഞ്ഞു എന്നാണ് ജെഡിഎസ് വ്യക്തമാക്ിയിട്ടുള്ളത്. ആര്‍ക്കൊപ്പം നില്‍ക്കണം എന്നത് സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കും എന്നാണ് ജെഡിഎസിന്റെ പക്ഷം. ബിജെപിയോട് തങ്ങള്‍ക്ക് അയിത്തമൊന്നും ഇല്ലെന്ന സൂചനയും ജെഡിഎസിലെ ഒരു വിഭാഗം നല്‍കുന്നുണ്ട്. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി വിരുദ്ധ നിലപാടുകാര്‍ക്കൊപ്പമാണ് ജെഡിഎസിന്റെ ഇപ്പോഴത്തെ സ്ഥാനം.

മുഖ്യമന്ത്രി സ്ഥാനം ആര് നല്‍കുന്നോ, അവര്‍ക്കൊപ്പം നില്‍ക്കാമെന്ന തീരുമാനത്തിലേക്ക് ജെഡിഎസ് എത്തിയാലും അത്ഭുതപ്പെടാനില്ല. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനായിരിക്കും അവന്‍ മുന്‍ഗണന നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും എച്ച്ഡി കുമാരസ്വാമി ഇപ്പോള്‍ കര്‍ണാടകത്തിലില്ല. അദ്ദേഹം സിംഗപ്പൂരിലാണ്. രാഷ്ട്രീയ ചരടുവലികള്‍ക്കായാണ് അദ്ദേഹം സിംഗപ്പൂരില്‍ തന്നെ തുടരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കര്‍ണാടകത്തില്‍ ഏറ്റവും ഭാഗ്യം ചെയ്ത രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് എച്ച്ഡി കുമാരസ്വാമി. പാര്‍ട്ടിയുടെ സ്വാധീനം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെങ്കിലും രണ്ട് തവണ മുഖ്യമന്ത്രിയാകാന്‍ അദ്ദേഹത്തിന് സാധിച്ചു. 12- ാം നിയമസഭയുടെ കാലത്താണ് കുമാരസ്വാമി ആദ്യമായി കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. പത്ത് സീറ്റില്‍ നിന്ന് 58 സീറ്റിലേക്ക് ജെഡിഎസ് കുതിച്ചുയര്‍ന്ന തിരഞ്ഞെടുപ്പായിരുന്നു അത്. ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയായിരുന്നു, തൊട്ടുപിറകില്‍ കോണ്‍ഗ്രസും. അന്ന് കോണ്‍ഗ്രസിനൊപ്പം ജെഡിഎസ് ചേര്‍ന്നപ്പോള്‍ കര്‍ണാടകത്തിലെ ആദ്യത്തെ സഖ്യസര്‍ക്കാര്‍ രൂപീകരണവും നടന്നു. ഈ സര്‍ക്കാരിന്റെ കാലത്താണ് 2006 ല്‍ കുമാരസ്വാമി ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. ഒന്നേ മുക്കാല്‍ വര്‍ഷം മാത്രമായിരുന്നു കുമാരസ്വാമി മന്ത്രിസഭയുടെ ആയുസ്സ്.

Read Also: കർണാടകയിൽ തൂക്കു നിയമസഭ ഉണ്ടാവില്ല, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ബിജെപി

2018 ലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. അപ്പോഴും കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ ജെഡിഎസ് തയ്യാറായി. മുഖ്യമന്ത്രിസ്ഥാനം ആയിരുന്നു ഏറ്റവും പ്രധാനപ്പെട്ട ഡിമാന്‍ഡ്. ബിജെപിയെ മാറ്റിനിര്‍ത്താനായി കോണ്‍ഗ്രസ് അതിന് സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കുമാരസ്വാമി സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ചു. കോണ്‍ഗ്രസ്- ജെഡിഎസ്- സ്വകന്ത്ര എംഎല്‍എമാരെ അടര്‍ത്തിയെടുത്തുകൊണ്ടായിരുന്നു ബിജെപിയുടെ ഈ അട്ടിമറി.

ഇത്തവണ തങ്ങള്‍ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. പുറത്ത് വന്ന എക്‌സിറ്റ് പോളുകളില്‍ ബഹുഭൂരിപക്ഷവും പ്രവചിക്കുന്നത് കോണ്‍ഗ്രസിന് ആ മാന്ത്രിക നമ്പര്‍ മറികടക്കാന്‍ ആകും എന്നാണ്. എന്നാല്‍ തങ്ങളുടെ എംഎല്‍എമാര്‍ തന്നെ കാലുമാറുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് തന്നെ 223 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുമായി നേതൃത്വം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡികെ ശിവകുമാറും സിദ്ധരാമയ്യും കഴിഞ്ഞ ദിവസം എല്ലാ സ്ഥാനാര്‍ത്ഥികളുമായി ഓണ്‍ലൈന്‍ സംവിധാനത്തില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ബിജെപി ആണെങ്കില്‍ ഇപ്പോഴും വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ തങ്ങള്‍ കണക്കിലെടുക്കുന്നില്ല എന്നാണ് ബിജെപിയുടെ വിശദീകരണം. ജെഡിഎസുമായി ആശയവിനിമയം നടത്തി എന്ന വാര്‍ത്ത അവര്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. 

224 സീറ്റുകളുള്ള കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകള്‍ ആണ്. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ പ്രവചിക്കുന്നത് കോണ്‍ഗ്രസിന് 122 മുതല്‍ 140 വരെ സീറ്റുകള്‍ ലഭിക്കും എന്നാണ്. അങ്ങനെയാണെങ്കില്‍ കര്‍ണാടകം കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനാകും(സ്വന്തം എംഎൽഎമാരെ എതിരാളികൾ അടർത്തിയെടുത്തില്ലെങ്കിൽ). ഇവരുടെ കണക്ക് പ്രകാരം ബിജെപിയ്ക്ക് 62 മുതല്‍ 80 വരെ സീറ്റുകളും ജെഡിഎസിന് 20 മുതല്‍ 25 വരെ സീറ്റുകളും ലഭിച്ചേക്കും. ഇന്ത്യ ടിവി- സിഎന്‍എക്സ് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസിന്110 മുതല്‍ 120 വരെ സീറ്റുകള്‍ ലഭിച്ചേക്കും. ബിജെപി 80 മുതല്‍ 90 വരെ സീറ്റുകളും ജെഡിഎസ് 20 മുതല്‍ 24 വരെ സീറ്റുകളും നേടിയേക്കും. ന്യൂസ് 24 - ടുഡേയ്സ് ചാണക്യ സര്‍വ്വേയും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. 120 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം സ്വന്തമാക്കും. ബിജെപി 92 സീറ്റില്‍ ഒതുങ്ങും. ജെഡിഎസ് 12 സീറ്റില്‍ ഒതുങ്ങും. ടൈംസ് നൗ- ഇടിജി സര്‍വ്വേ പ്രവചിക്കുന്നത് 113 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കും എന്നാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളുടെ എണ്ണമാണിത്. ബിജെപി 85 സീറ്റില്‍ ഒതുങ്ങുമെന്നാണ് ഇവരുടെ പ്രവചനം. ജെഡിഎസ് 23 സീറ്റുകള്‍ നേടും.

എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിയ്ക്ക് അനുകൂലമായ പ്രവചനം നടത്തിയിട്ടുള്ളത് രണ്ട് സര്‍വ്വേകള്‍ ആണ്- സുവര്‍ണ ന്യൂസ് - ജന്‍ കീ ബാത് എക്സിറ്റ് പോളും ന്യൂസ് നേഷന്‍ - സിജിഎസും. സുവര്‍ണ സര്‍വ്വേ പ്രകാരം, ബിജെപി 94 മുതല്‍ 117 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 91 മുതല്‍ 106 വരെ സീറ്റുകള്‍ നേടിയേക്കും. ജെഡിഎസ് 14 മുതല്‍ 24 വരെ സീറ്റുകള്‍ നേടിയേക്കുമെന്നും സുവര്‍ണ ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നു. ന്യൂസ് നേഷന്‍- സിജിഎസ് സര്‍വ്വേ പ്രകാരം ബിജെപിയ്ക്ക് 114 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് 86 സീറ്റില്‍ ഒതുങ്ങും. ജെഡിഎസിന് 21 സീറ്റുകള്‍ ലഭിക്കും. 

എബിസി ന്യൂസ് - സി വോട്ടര്‍ സര്‍വ്വേ കോണ്‍ഗ്രസിന് 112 സീറ്റുകള്‍ വരെ കിട്ടിയേക്കാമെന്നാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവി- പി മാര്‍ക്യു സര്‍വ്വേ പ്രകാരം കോണ്‍ഗ്രസിന് 108 സീറ്റുകള്‍ വരെ ലഭിക്കും. ടിവി 9 ഭാരത് വര്‍ഷ്- പോള്‍സ്ട്രാറ്റ് സര്‍വ്വേ പ്രവചിക്കുന്നത് കോണ്‍ഗ്രസിന് 109 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More