Home> Features
Advertisement

M Sivasankar Autobiography | പുസ്തകമെഴുതി ജേക്കബ് തോമസിന്റെ പണി പോയെങ്കിൽ ശിവശങ്കറിന് മാത്രം കിട്ടുമോ ആനൂകൂല്യം?

M Sivasankar book സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് പുസ്തകമെഴുതിയിട്ടുള്ളത് എന്നാണ് ഉയരുന്ന പ്രധാന ആരോപണം.

M Sivasankar Autobiography | പുസ്തകമെഴുതി ജേക്കബ് തോമസിന്റെ പണി പോയെങ്കിൽ ശിവശങ്കറിന് മാത്രം കിട്ടുമോ ആനൂകൂല്യം?

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ (Gold Smuggling Case) പ്രതിയായ എം ശിവശങ്കർ എഴുതിയ ആത്മകഥ (M Sivasankar Autobiography) "അശ്വത്ഥാമാവ് വെറും ഒരു ആന" രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ വാദ പ്രതിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. പുസ്തകം പുറത്തിറങ്ങുന്ന വേളയിൽ തന്നെ വിവാദമായ കേസുമായി ബന്ധപ്പെട്ട് നിരവധി ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് അടക്കമുളളവർക്ക് നേരെ ശിവശങ്കർ ഉയർത്തിയത്. ശിവശങ്കർ സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് പുസ്തകമെഴുതിയിട്ടുള്ളത് എന്നാണ്  ഉയരുന്ന പ്രധാന ആരോപണം. 

ശിവശങ്കർ നിലവിൽ സ്പോർട്സ്, യുവജനകാര്യം എന്നീ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലിയിൽ തുടരുകയാണ്.  എന്നാൽ, സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് ശിവശങ്കർ പുസ്തകമെഴുതിയതെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകത്തിലൂടെ മുൻ ഡിജിപി ആയിരുന്ന ജേക്കബ് തോമസ് ചില തുറന്നെഴുതലുകൾ നടത്തിയതിന് സർക്കാരിന് അനഭിമതനാവുകയും പിന്നീട് സസ്പെന്‍ഷൻ അടക്കമുള്ള നടപടികളിലേക്ക്  പോയതും മാധ്യമങ്ങൾ ഉൾപ്പടെ വലിയ തോതിൽ ചർച്ചയാക്കിയിരുന്നു. ജേക്കബ് തോമസിനെതിരെ സ്വീകരിച്ച നടപടി ശിവശങ്കറിനെതിരെയുണ്ടാകുമോ എന്നതാണ് ഇതിൽ പ്രധാനം.

ALSO READ: Gold Smuggling Case | "ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു സ്ത്രീ എന്തിന് ഭയക്കണം" ഇഡിയുടെ അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

fallbacks

രാജ്യമാകെ ചർച്ച ചെയ്ത പ്രമാദമായ കേസിന്റെ അന്വേഷണം നിലവിൽ  അവസാനിച്ച മട്ടാണ്. ആരോപണവിധേയരായിരുന്ന പ്രതികൾക്ക് ജാമ്യം ഉൾപ്പടെ കിട്ടിയതോടെ വാർത്താതലക്കെട്ടുകളിൽ നിന്ന് കേസ് കാലക്രമണേ ഒഴിവായി. കേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമമുണ്ടായെന്ന് ആത്മകഥയിലൂടെ  ശിവശങ്കർ വെളിപ്പെടുത്തി. കസ്റ്റംസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ലഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന തന്‍റെ സഹായം തേടിയെന്നും ശിവശങ്കര്‍ സമ്മതിച്ചു. സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ താന്‍ ഇടപെട്ടെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലും പുസ്തകത്തില്‍ ശിവശങ്കര്‍ തള്ളി. സ്വപ്നയുടെ നിയമനത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും, ഐ ഫോണ്‍ സമ്മാനിച്ച് സ്വപ്ന തന്നെ ചതിച്ചെന്നും "അശ്വത്ഥാമാവ് വെറും ഒരു ആന" എന്ന പുസ്തകത്തില്‍ പറയുന്നു. 

പിണറായി സർക്കാരിനെ പൂര്‍ണമായും സംരക്ഷിക്കുന്ന തരത്തിലാണ് ശിവശങ്കറിന്റെ പുസ്തകം സംസാരിക്കുന്നത്. കേന്ദ്ര ഏജൻസികൾ, മാധ്യമങ്ങൾ, ഉദ്യോഗസ്ഥർ, സ്വർണക്കടത്ത് കേസിലെ പ്രതികൾ എന്നിവരെയല്ലാതെ മറ്റു വിഭാഗങ്ങളെക്കുറിച്ചൊന്നും പുസ്തകത്തിൽ കാര്യമായി പ്രതിപാദിക്കുന്നില്ല. രാഷ്ട്രീയ കേന്ദ്രങ്ങൾക്കെതിരെ  ചെറുവിരനലനക്കാൻ പോലും ശിവശങ്കർ തയ്യാറായിട്ടില്ലെന്നതും പുറത്തുവന്നിരിക്കുന്ന ഭാഗങ്ങളിൽ നിന്ന് വ്യക്തമാണ്. മാത്രമല്ല, മുഖ്യമന്ത്രിയെ കൂടുതൽ സുരക്ഷിതനാക്കാനും കേന്ദ്ര ഏജൻസികളെ  ആരോപണങ്ങളുടെ കുന്തമുനയിൽ നിർത്താനും ശിവശങ്കർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ALSO READ : Gold Smuggling Case : ശിവശങ്കറിന്റെ പുസ്തകം ശരി; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ തള്ളി ആനത്തലവട്ടം ആനന്ദൻ

കേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്. ശക്തമായ തെളിവില്ലാതെ അതു ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. തന്നില്‍ നിന്ന് എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന മൊഴി ലഭിക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമമെന്നും സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചുകയറിയതിനു ശേഷം ശിവശങ്കര്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യം അക്കാലത്ത് പ്രതിപക്ഷം ഉന്നയിച്ചിരുന്നു. 

സ്വപ്നയ്ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കേട്ടപ്പോള്‍ താന്‍ അസ്ത്രപ്രജ്ഞനായി പോയി. തന്‍റെ ജന്‍മദിനത്തില്‍ ഐഫോണ്‍ സമ്മാനിച്ച് സ്വപ്ന ചതിക്കുകയായിരുന്നു. തന്‍റെ കൈവശമുള്ള പണം എവിടെ നിക്ഷേപിക്കണമെന്ന് സ്വപ്ന ചോദിച്ചപ്പോള്‍ തന്റെ ചാറ്റേര്‍ഡ് അക്കൗണ്ടന്‍റിനെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തത്.  തന്നെ കുറ്റവാളിയാക്കാന്‍ തുടക്കം മുതല്‍ ആസൂത്രിത ശ്രമമുണ്ടായിരുന്നു എന്നാണ് പുസ്തകത്തില്‍ ശിവശങ്കര്‍ പറയുന്നത്. തനിക്ക് ജാമ്യം നിഷേധിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പെരും നുണ പറഞ്ഞെന്നും ശിവശങ്കര്‍ കുറ്റപ്പെടുത്തുന്നു. താനാണ് സ്വർണക്കടത്തിന്റെ മാസ്റ്റർ മൈൻഡ് എന്ന്  അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. സ്വപ്നയും സരിത്തും മുഖംമൂടികൾ മാത്രമാണെന്ന് പറഞ്ഞുവെന്നും ശിവശങ്കർ ആരോപിക്കുന്നു. 

ALSO READ : Gold Smuggling Case | സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സ്വർണക്കടത്ത് കേസിൽ തുടരന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരത്ത അറിവുണ്ടായിരുന്നെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. പുസ്തക പ്രകാശനത്തിന് ആറ് മാസം മുമ്പ് തന്നെ ഇക്കാര്യം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടും പുസ്തകം എഴുതിയെന്ന പേരില്‍ സസ്‌പെന്‍ഷന്‍ ലഭിക്കുകയായിരുന്നു. 2017 ലെ അഴിമതി വിരുദ്ധദിനത്തില്‍ നടന്ന സെമിനാറില്‍ അഴിമതിക്കെതിരെ സംസാരിച്ചു എന്നതാകാം ജേക്കബ് തോമസുമായി മുഖ്യമന്ത്രി അകലാൻ കാരണമായത്. ഇതിനായിരുന്നു 2017 ലെ ആദ്യത്തെ സസ്പെന്‍ഷന്‍.  

2016-2017ലാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം പ്രകാശനത്തിനു തയ്യാറായത്. അന്ന് വിജിലന്‍സ് ഡയറക്ടറായിരുന്നതിനാല്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുമായി പതിവായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്കൊപ്പം പുസ്തക രചനയുടെ കാര്യവും  മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു, പുസ്തകം പ്രകാശനം ചെയ്യാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചതുമായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി. പുസ്തക രചനയുടെ പേരില്‍ സസ്പെന്‍ഷന്‍ ലഭിച്ചു. ക്രൈംബ്രാഞ്ച് കേസുമെടുത്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയോടും പുസ്തക രചനയുടെ കാര്യം താന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നായിരുന്നു മുൻ ഡിജിപി പറയുന്നു. എന്നാൽ, നിലവിൽ ഉയർന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജേക്കബ് തോമസിനെതിരെ അന്ന് മുഖ്യമന്ത്രി സ്വീകരിച്ച അതേ നടപടി ശിവശങ്കറിനെതിരെയുണ്ടാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More