Home> Features
Advertisement

ഡിയര്‍ സിന്ദഗി: മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്...

നിങ്ങളെ കണ്ടാണ്‌ നിങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നതെന്ന കാര്യം നിങ്ങള്‍ ഒരിക്കലും മറക്കരുത്.

ഡിയര്‍ സിന്ദഗി: മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്...

മാതാപിതാക്കള്‍ വയസ്സായോ? അവരെ വൃദ്ധസദനത്തില്‍ കൊണ്ടാക്കുക. ഇത് ഇപ്പോള്‍ നാം കാണുന്ന ഒരു ട്രെന്‍ഡ് ആണെന്ന് പറയുന്നതില്‍ സംശയമില്ല.  അവര്‍ക്ക് വേണ്ടി ഏതു ദേശത്തായാലും വൃദ്ധസദനവും, ആശ്രമവും ഒക്കെയുള്ളത് കൊണ്ട് ആര്‍ക്കും വലിയ പ്രയാസവുമില്ല. കൂട്ടുകാര്‍ തമ്മില്‍ ഒരു ഉളുപ്പുമില്ലാതെ പറയുന്നത് കേള്‍ക്കണം അച്ഛനെയും അമ്മയെയും കൊണ്ട് വലിയ ശല്യമാണെന്ന്.   

സ്വന്തം മാതാപിതാക്കളെ കൂടെ നിര്‍ത്തി നോക്കുന്നത് ഭാരമായി ചിന്തിക്കുന്നവര്‍ ഒന്ന് ചിന്തിക്കേണ്ട കാര്യം എന്താണെന്നാല്‍ സ്വന്തം അപ്പുപ്പന്‍റെയും അമ്മുമ്മയുടെയും കൂടെ താമസിക്കാത്ത കുട്ടികള്‍ നാളെ അവരുടെ കുട്ടികളെ എങ്ങനെ അപ്പുപ്പന്‍റെയും അമ്മുമ്മയുടെയും കൂടെ താമസിപ്പിക്കും എന്നതാണ്. നമ്മള്‍ പലപ്പോഴും ചിന്തിക്കാതെ അവഗണിക്കുന്ന ഒരു വിഷയമാണ്‌ ഇത്. നമ്മള്‍ ഇന്ന് ചെയ്യുന്നത് നാളെ നമ്മുടെ മക്കള്‍ നമ്മോടും ചെയ്യും എന്ന്‍ ഒന്നാലോചിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 

നിങ്ങളെ കണ്ടാണ്‌ നിങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നതെന്ന കാര്യം നിങ്ങള്‍ ഒരിക്കലും മറക്കരുത്.  നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിങ്ങള്‍ എത്ര ബഹുമാനം കൊടുക്കുന്നോ, അവരോട് എങ്ങനെ പെരുമാറുന്നോ അത് കണ്ടായിരിക്കും നിങ്ങളുടെ കുട്ടികളും പഠിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടായിരിക്കും അങ്ങനെയാണേല്‍ കുഞ്ഞുങ്ങളോട് പറയാതെ മാതാപിതാക്കളെ ആശ്രമത്തിലോ, വൃദ്ധസദനത്തിലോ ആക്കിയാല്‍ പ്രശ്നം തീര്‍ന്നല്ലോയെന്ന്‍.  എന്നാല്‍ ഒരിക്കലും ഇല്ല. എത്രയൊക്കെ സാങ്കേതികത ഉപയോഗിച്ച് കള്ളന്മാര്‍ കളവ് നടത്തിയിട്ടോ അല്ലെങ്കില്‍ കൊലപാതകം ചെയ്തിട്ടോ മുങ്ങിയാലും എന്തെങ്കിലും ഒരു തുമ്പ് അവശേഷിക്കുന്നുണ്ടാകും അവരെ പിടിക്കാന്‍ എന്ന് പറയുന്നതുപോലെ നിങ്ങളുടെ പ്രവര്‍ത്തി എന്നായാലും കുട്ടികള്‍ മനസിലാക്കുമെന്നതില്‍ സംശയമില്ല. 

കുടുംബത്തിലെ വലിയ ആള്‍ക്കാരോട് എന്തെങ്കിലും മറയ്ക്കാന്‍ എളുപ്പമാണ് എന്നാല്‍ കുട്ടികളോട് പറ്റില്ല.  അവര്‍ പെട്ടെന്ന് മനസിലാക്കും തന്‍റെ അപ്പുപ്പനെയും അമ്മുമ്മയെയും കൊണ്ട് വിടാന്‍ നിങ്ങള്‍ ആശ്രമങ്ങള്‍ തേടുന്നുണ്ടെന്ന്. എന്തായാലും ഒരു കാര്യം ഉറപ്പിച്ചോളൂ നിങ്ങള്‍ തേടുന്നതിനെക്കാളും ഒന്നുകൂടി നല്ല ആശ്രമം ആയിരിക്കും നാളെ അവര്‍ നിങ്ങള്‍ക്ക് വേണ്ടി തേടുന്നതെന്ന്.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന ഒരു സംഭവം ഒന്ന് വിശദീകരിക്കാം. കഥയോ കവിതയോ അല്ല നടന്ന സംഭവം ആണിത്.  നോയിഡയിലെ ഒരു ആഡംബരജീവിതം നയിക്കുന്ന ആളുകള്‍ താമസിക്കുന്ന ഒരു സെക്ടറില്‍ നടന്നതാണിത്. അവിടെ വികാസ് എന്ന ആളും മകനും ഭാര്യയും താമസിച്ചിരുന്നു. ഇത്രയും സൗകര്യങ്ങള്‍ ഉണ്ടെങ്കിലും സ്വന്തം സുഖ സൗകര്യങ്ങള്‍ക്ക് വേണ്ടി വികാസിന്‍റെ മരുമകള്‍ മകനോട് നിങ്ങളുടെ അച്ഛനെകൊണ്ട് ഭയങ്കര ശല്യമാണെന്നും നമുക്ക് നമ്മുടെതായ രീതിയല്‍ ജീവിക്കണമെങ്കില്‍ അച്ഛനെഏതെങ്കിലും ആശ്രമത്തില്‍ കൊണ്ട് ആക്കാനും നിര്‍ബന്ധിക്കുന്നു. 

അടുത്ത ശനിയാഴ്ചതന്നെ വികാസിന്‍റെ മകന്‍ അയാളെയും കൂട്ടി ഹരിദ്വാറിലെ ആശ്രമത്തില്‍ കൊണ്ട്പോയി വിട്ടു.  അച്ഛനെകൊണ്ടുള്ള ബുദ്ധിമുട്ടുകളും, ജീവിത ബുദ്ധിമുട്ടുകളും പറഞ്ഞപ്പോഴും മകന്‍ കരിലിരുന്നു പറഞ്ഞപ്പോഴും, തന്‍റെ അവസ്ഥ ഇനിയെന്ത് എന്നല്ല ആ അച്ഛന്‍ ചിന്തിച്ചത് മറിച്ച് മകനുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് ആ പാവം അച്ഛന്‍ ചിന്തിച്ചത്. എന്നിട്ട് അച്ഛന്‍ മകനെ സമാധാനിപ്പിച്ചു നീ വിഷമിക്കണ്ടാ എല്ലാം നിന്‍റെ പേരില്‍ തന്നെയാണ് എന്ന്. ആശ്രമത്തില്‍ എത്തിയപ്പോള്‍അച്ഛനെയൊന്ന് അകത്തുകൊണ്ടാക്കാനുള്ള സാവകാശംപോലും കാണിക്കാതെ പുറത്തുതന്നെ അച്ഛനെ ഇറക്കി വിട്ടിട്ട് മകന്‍ പോന്നു.  പകുതി വഴിയെത്തിയപ്പോള്‍ ആണ് മകന്‍ അച്ഛനെകൊണ്ട് ഒരു പേപ്പറില്‍ ഒപ്പിടാന്‍ മറന്നല്ലോയെന്ന കാര്യം ഓര്‍ത്തത്.  പെട്ടെന്ന് വണ്ടി തിരിച്ചു ആശ്രമത്തിലെത്തിയ അദ്ദേഹം കണ്ടത് അച്ഛന്‍ അവിടെയുള്ള മാനേജരുമായി ചിരിച്ചുകളിച്ചിരിക്കുന്ന സീനാണ്.  അയാള്‍ ഞെട്ടിപ്പോയി. 

അവരുടെ അടുത്ത്ചെന്ന് ഒപ്പുവാങ്ങാനുള്ള ധൈര്യം ഇല്ലാത്തതിനാല്‍ അയാള്‍ കുറച്ചുനേരം അവിടെ കാത്തുനിന്നു.  കുറച്ചു കഴിഞ്ഞപ്പോള്‍ തന്‍റെ അച്ഛന്‍ അവിടന്നെണീറ്റ് സ്വന്തം മുറിയിലേയ്ക്ക് പോകുന്നത് കണ്ട മകന്‍ മാനേജരോട് ചോദിച്ചു. എന്‍റെ അച്ഛനെ എങ്ങനെ അറിയാം എത്ര നാളത്തെ പരിചയമാണ് എന്ന്. ആ മാനേജരുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. മാനേജര്‍ പറഞ്ഞു വളരെ പഴക്കമുള്ള പരിചയമാണ്. മാത്രമല്ല അയാള്‍ നിന്നെ ദത്തെടുക്കാന്‍ ഈ ആശ്രമത്തില്‍ വന്ന അന്നുമുതല്‍ ഞാന്‍ അയാളെ കൂടുതല്‍ അറിയാന്‍ തുടങ്ങിയെന്ന്.  ഇന്ന് നീ അതേ സ്ഥലത്ത് അയാളെ ഉപേക്ഷിച്ചുവെന്ന്. ഇതുകേട്ട മകന്‍ ഞെട്ടിപ്പോയി.  ഒരുപാട് പ്രാവശ്യം ചോദിച്ചു നിങ്ങള്‍ കള്ളത്തരമല്ലേ പറയുന്നത് എന്നൊക്കെ അപ്പോഴൊക്കെ മാനേജര്‍ വീണ്ടും വീണ്ടും ഉറപ്പിച്ചു പറഞ്ഞു. എന്നിട്ട് മാനേജര്‍ പറഞ്ഞു എല്ലാം ഇങ്ങനെതന്നെയായിരുന്നു പക്ഷെ ആള്മാറിയെന്നെയുള്ളൂവെന്ന്.  അന്ന് കുഞ്ഞല്ലേ എന്നുകരുതി നിന്‍റെ അച്ഛന്‍ നിന്നെ ഈ അനാഥാലയത്തില്‍ നിന്നും കൊണ്ടുപോയി, എന്നാല്‍ നീ ഭാരമെന്നു കരുതി അയാളെ ഇവിടെ കൊണ്ടുവിട്ടു ഇത്രെയെയുള്ളൂ വ്യത്യാസമെന്ന്.

ഈ കഥ നിങ്ങള്‍ ഓരോരുത്തരും മനസിലാക്കുക, എന്നിട്ട് മാതാപിതാക്കളെ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ ഉദേശമുണ്ടെങ്കില്‍ ആദ്യം നിങ്ങളെ അവര്‍ എവിടെനിന്നെങ്കിലും കൊണ്ടുവന്നതാണോയെന്ന് അന്വേഷിക്കുക. അല്ലെങ്കില്‍ നിങ്ങളെ എന്തുമാത്രം ബുദ്ധിമുട്ടിയാണ് ഇതുവരെ എത്തിച്ചതെന്ന് ഓര്‍ക്കുക. മാത്രമല്ല നാളെ നമ്മുടെ അവസ്ഥയും ഇതാണെന്ന് മനസിലാക്കാന്‍ ശ്രമിക്കുക. 'പഴുത്ത ഇല കൊഴിയുമ്പോള്‍ പച്ച ഇല ചിരിക്കരുത്' നാളെ നിങ്ങളുടെ അവസ്ഥയും ഇതാണെന്ന് മനസിലാക്കുക.

 

ലേഖകന്‍ സീ ന്യൂസ്‌ ഡിജിറ്റല്‍ എഡിറ്റര്‍ ആണ്. മറ്റ് ലേഖനങ്ങള്‍ വായിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

(https://twitter.com/dayashankarmi)

(https://www.facebook.com/dayashankar.mishra.54)

Read More