Home> Features
Advertisement

Future of Congress Party: കൊടുങ്കാറ്റിനെ അതിജീവിക്കാൻ പൂമുഖം മിനുക്കിയാൽ മതിയോ..? കോൺ​ഗ്രസ് പഠിക്കേണ്ട പാഠം

രാജസ്ഥാനിലെ ഉദയ്പൂരിൽ മൂന്ന് ദിവസം കൂടിയിരുന്ന് ചിന്തിച്ചിട്ടും പാർട്ടിയെ കരുത്തുറ്റതാക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ എടുക്കാൻ കോൺഗ്രസിന് സാധിക്കാതെ പോയത് എന്തുകൊണ്ട്?

Future of Congress Party: കൊടുങ്കാറ്റിനെ അതിജീവിക്കാൻ പൂമുഖം മിനുക്കിയാൽ മതിയോ..? കോൺ​ഗ്രസ് പഠിക്കേണ്ട പാഠം

ദില്ലി: കോൺഗ്രസ് എന്ന കൊട്ടാരം പൊളിച്ച് പുനർ നിർമ്മിക്കുമെന്നായിരുന്നു പ്രതീക്ഷ. മൂന്ന് ദിവസം കൂടിയിരുന്ന് ചിന്തിച്ചപ്പോൾ 'പൂമുഖം മാത്രം വൈറ്റ് വാഷ്' മാത്രം ചെയ്താൽ മതിയെന്നായിരുന്നു  രൂപപ്പെട്ട നിർദ്ദേശം. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ  വരാൻ പോകുന്ന രാഷ്ട്രീയ കൊടുങ്കാറ്റിനെ അതിജീവിക്കാൻ  ഈ കെട്ടിടത്തിന് സാധിക്കുമോയെന്നതാണ് ചോദ്യം. അതിന് മുന്നിൽ ഗ്രാൻഡ് എവർ ഓൾഡർ പാർട്ടി ഓഫ് ഇന്ത്യയുടെ മുൻനിര നേതാക്കളിൽ പലരും മൗനിബാബകളായി..

രാജസ്ഥാനിലെ ഉദയ്പൂരിൽ മൂന്ന് ദിവസം കൂടിയിരുന്ന് ചിന്തിച്ചിട്ടും പാർട്ടിയെ കരുത്തുറ്റതാക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ എടുക്കാൻ കോൺഗ്രസിന് സാധിക്കാതെ പോയത് എന്തുകൊണ്ട്?

മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും രാഷ്ട്രീയ ഇച്ഛാശക്തിയുള്ള നേതാക്കളാണെന്ന്  പാർട്ടിക്കുള്ളിൽ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് സ്ഥാപിക്കേണ്ടതുണ്ട്. പക്ഷെ പാർട്ടിയുടെ പ്രതിസന്ധിയിലും നേതാവിനെ ആവശ്യമുള്ള നിർണായക ഘട്ടത്തിലും രാഹുലിനെ കാണാതാവുന്നതും എതിരാളികൾ ആയുധമാക്കുന്നു. നേപ്പാളിൽ രാഹുൽ ഗാന്ധി ചെലവഴിച്ച ഒരു അവധിക്കാലം അടുത്തിടെ ബിജെപി ആയുധമാക്കിയിരുന്നു. പാർട്ടി തകരുമ്പോൾ രാഹുൽ അവധിയെടുക്കുന്നു എന്ന ആക്ഷേപത്തിന് മൂർച്ചകൂട്ടിയായിരുന്നു എതിരാളികളുടെ പരിഹാസം. രാഹുൽ ഗാന്ധി ഗൗരവമുള്ള രാഷ്ട്രീയക്കാരനല്ലെന്ന് സ്ഥാപിക്കാനാണ് എതിരാളികളുടെ ശ്രമം. 

Read Also: ജനവിശ്വാസം തിരിച്ച് പിടിക്കാൻ വിയർപ്പൊഴുക്കണം; സംഘടനയിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കി കോൺഗ്രസ് ചിന്തൻ ശിബിരത്തിന് സമാപനം

പാർട്ടി അധ്യക്ഷനായി രാഹുൽ ഗാന്ധി എപ്പോൾ മടങ്ങിയെത്തും എന്നതിനെക്കുറിച്ച് കോൺഗ്രസിന്റെ പഴയ വിശ്വാസികൾക്കോ ​​അതിന്റെ ജി-23 വിമതർക്കോ ഇപ്പോഴും വ്യക്തതയില്ല.  പാർട്ടിക്ക് നാഥനില്ലാ അവസ്ഥ, അതുണ്ടാക്കുന്ന അനിശ്ചിതത്വം, സുപ്രധാന തീരുമാനങ്ങൾ എടുക്കാനാവാത്ത അവസ്ഥ തെല്ലൊന്നുമല്ല ഈ ഗ്രാൻഡ് ഓൾഡ് പാർട്ടിക്ക് മേൽ ചൂഴ്ന്ന് നിൽക്കുന്നത്. ഇങ്ങനെപോയാൽ അധികാരം ലഭിക്കുമോയെന്ന ചോദ്യം ഉയരുന്നതിനിടെ 'ഒരു കുടുംബം- ഒരു ടിക്കറ്റ്' എന്ന നയം നടപ്പാക്കാൻ കോൺഗ്രസ് തീരുമാനിച്ചു.  ഒരു വ്യക്തി അഞ്ച് വർഷത്തിൽ കൂടുതൽ പാർട്ടിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഈ നയം ബാധകമല്ല. ഈ സാഹചര്യത്തിൽ അയാൾക്കും അല്ലെങ്കിൽ അയാളുടെ കുടുംബാംഗത്തിനോ നേരിട്ടുള്ള ബന്ധുവിനോ  ഒരു ടിക്കറ്റിന് അർഹതയുണ്ട്. രാജവംശങ്ങളിൽപെട്ട നിരവധി കുടുംബങ്ങൾ  കോൺഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമായിട്ടുള്ള മുൻകാല ചരിത്രവും പാർട്ടിക്ക് മുന്നിലുണ്ട്.  

നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നതിൽ കോൺഗ്രസിന് ആശ്വസിക്കാം. പ്രായപരിധി നിശ്ചയിച്ച് സിപിഎം നേതൃനിരയെ തിരഞ്ഞെടുത്തത് രാജ്യത്തെമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഏതാണ്ട് അതേ മാതൃകയിലല്ലെങ്കിലും കോൺഗ്രസിലും "50 അണ്ടർ 50" പ്രായപരിധി നടപ്പാക്കും.  എല്ലാ സ്ഥാനങ്ങളുടെയും കമ്മിറ്റികളുടെയും പകുതിയും 50 വയസ്സിന് താഴെയുള്ളവർക്ക് സംവരണം ചെയ്യും. ഒരാൾക്ക് ഒരു പദവി എന്ന നിയമവും നടപ്പാക്കും.  പാർട്ടി പ്രവർത്തകരെ ആവേശത്തിലേക്ക് എത്തിക്കാനും പ്രലോഭിപ്പിക്കാനും വേണ്ടുന്ന ആവശ്യമായ മാറ്റങ്ങളുമായിട്ടാണ് കോൺഗ്രസിന്റെ ഗെയിംവർക്ക്. എന്നാൽ, പാർട്ടിയുടെ പുനഃസംഘടന എന്നത് ഇപ്പോഴും പരിധിക്ക് പുറത്താണെന്നാണ് പഞ്ചാബ്, ഗോവ തിരിച്ചടികൾ നൽകുന്ന പാഠം. രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് അസ്വസ്ഥനാണ്, അക്ഷമനാണ്. ഈ അസ്വാരസ്യം പോലും ഒരു വർഷം കഴിഞ്ഞിട്ടും പരിഹരിക്കാൻ കോൺഗ്രസിനായിട്ടില്ല. മറ്റ് പാർട്ടികളെയല്ല, ആദ്യം സ്വന്തം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനാണ് രാഹുൽ അടക്കമുള്ള നേതാക്കൾ ആദ്യം പഠിക്കേണ്ടത്. 

ഇനിയും മുന്നോട്ട് പോകുമ്പോൾ രണ്ടു വലിയ ചോദ്യങ്ങളെ കോൺഗ്രസ് നേരിടേണ്ടിവരും. ഒന്ന്- ജനാധിപത്യത്തിൽ  പ്രാധാന്യമുള്ള ഒരേയൊരു കാര്യം എങ്ങനെ വീണ്ടും തിരഞ്ഞെടുപ്പിൽ ജയിക്കും എന്നുള്ളതാണ്. ബിജെപിയുടെ ഭൂരിപക്ഷ ഹിന്ദുത്വ അജണ്ട എങ്ങനെ ഏറ്റെടുക്കാം എന്നതാണ് രണ്ടാമത്തേത്.  ഈ രണ്ട് വലിയ ചോദ്യങ്ങൾക്ക് ബോധ്യപ്പെടുത്തുന്ന ഉത്തരം കണ്ടെത്താൻ നേതൃത്വത്തിന് കഴിയുന്നതുവരെ, ഉദയ്പൂർ പ്രഖ്യാപനം പ്രയോജനമില്ലാത്ത വീട്ടുജോലിയായി തോന്നും.

ഉദയ്പൂർ കൊട്ടാരത്തിൽ നിന്നും കൂറ്റൻ ആനയായി രാഹുൽ പുറത്തിറങ്ങുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. അതുണ്ടായില്ല. ബിജെപിയെ നേരിടാൻ പാകത്തിലുള്ള രാഷ്ട്രീയ സഖ്യങ്ങളിലാണ് ഇനി കോൺഗ്രസിന്റെ ഭാഗ്യം എന്നിരിക്കെ ഇനിയും 'രാഹുൽ വേഴ്സസ് മോദി' കാർഡിറക്കി മാത്രമാണ് മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ  ചരിത്രം അതിന്റെ പക്ഷത്തല്ലെന്ന് കണക്കുകൾ നിരത്തി പറയേണ്ടി വരും. ദേശീയ അഭിലാഷങ്ങളുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കളായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻസിപി നേതാവ് ശരദ് പവാർ , തെലങ്കാന മുഖ്യമന്ത്രി കെസിആർ എന്നിവർ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ വിസമ്മതിക്കുകയാണ്. ബിജെപിയെ നേരിടാനുള്ള പ്രത്യയശാസ്ത്രം കോൺഗ്രസിന് ഇല്ലാതെ പോയിയെന്നതും നാഥനില്ലാത്തതുമൊക്കെയാണ് പ്രധാന പോരായ്മ. പിന്നെങ്ങനെയാണ്  'രാഹുൽ വേഴ്സസ് മോദി' കാർഡ് ജനങ്ങൾ സ്വീകരിക്കുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More